Business

Nothing-ൽ നിന്ന് വേർപിരിയാൻ CMF; ഭൂരിപക്ഷ ഉടമസ്ഥത ഇന്ത്യക്കാർക്ക്.

ടെക്‌നോളജി | 22 സെപ്റ്റംബർ 2026 സ്മാർട്ട്‌ഫോൺ നിർമാതാക്കളായ Nothing-ന്റെ ഉപബ്രാൻഡായ CMF-നെ ഇന്ത്യയിൽ ആസ്ഥാനമുള്ള സ്വതന്ത്ര കമ്പനിയാക്കി മാറ്റാൻ ഒരുങ്ങുന്നു. CMF-ന്റെ ഭൂരിപക്ഷ ഓഹരികളും ഇന്ത്യൻ നിക്ഷേപകരുടെ കൈവശമായിരിക്കും. Nothing സഹസ്ഥാപകനും സി.ഇ.ഒയുമായ കാൾ പേയ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ സംവിധാനത്തിൽ CMF-ന് ഇന്ത്യയിൽ സ്വന്തമായി പ്രവർത്തകസംഘവും ഗവേഷണ-വികസന വിഭാഗവും (R&D) ഉണ്ടാകും. ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും സാങ്കേതിക വികസനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യയിൽ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. Nothing പുതിയ കമ്പനിയിൽ ഓഹരി പങ്കാളിത്തം നിലനിർത്തുകയും സാങ്കേതികവിദ്യയിലും വിതരണ ശൃംഖലയിലും പിന്തുണ നൽകുകയും ചെയ്യും. ഇന്ത്യയെ ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡുകളുടെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ത്യയിൽ ഉൽപ്പാദനം നടത്തുന്നതിൽ മാത്രം ഒതുങ്ങാതെ, ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും എൻജിനീയറിങ് വികസനവും രാജ്യത്ത് തന്നെ സാധ്യമാക്കുകയാണ് CMF-ന്റെ ലക്ഷ്യം. ദീർഘകാല ലക്ഷ്യമായി പ്രതിവർഷം 10 കോടി സ്മാർട്ട്‌ഫോണുകൾ നിർമിച്ച് വിൽക്കാനാണ് CMF ഉദ്ദേശിക്കുന്നതെന്ന് കാൾ പേയ് വ്യക്തമാക്കി. ഈ മാറ്റത്തോടെ ആഗോള വിപണിയിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഉപഭോക്തൃ സാങ്കേതികവിദ്യാ ബ്രാൻഡായി CMF വളരാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Comments ()