
ഉദ്ഘാടനച്ചടങ്ങില്ലാതെ നിർമ്മാണം തുടങ്ങി; മാണി സി. കാപ്പന്റെ നിർദേശത്തെത്തുടർന്ന് ഔദ്യോഗിക ഉദ്ഘാടനമില്ലാതെ പ്രവൃത്തി
കടവുപുഴ പാലത്തിന്റെ പുനർനിർമാണം 2026 നവംബർ 11-ന് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകളില്ലാതെ ആരംഭിച്ചു. പാലത്തിന്റെ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതുവരെ അവകാശവാദങ്ങളോ ഉദ്ഘാടന മാമാങ്കങ്ങളോ വേണ്ടെന്ന മാണി സി. കാപ്പൻ എം.എൽ.എയുടെ നിർദേശത്തെത്തുടർന്നാണ് നിർമ്മാണം ആരംഭിച്ചത്.
2021-ലെ പ്രകൃതിക്ഷോഭത്തെത്തുടർന്ന് തകർന്ന പാലത്തിന്റെ പുനർനിർമാണത്തിനായുള്ള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. തലനാട്, മേലുകാവ് പ്രദേശങ്ങളിലെ ജനങ്ങൾക്ക് മൂന്നിലവിലേക്ക് എളുപ്പത്തിൽ എത്താനുള്ള പ്രധാന മാർഗമായിരുന്നു ഈ പാലം. പാലം തകർന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം വർധിച്ചു.
പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പൻ എം.എൽ.എ ഇടതുസർക്കാരിൽ നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയം ജില്ലയിലുണ്ടായ പ്രളയക്കെടുതികൾ നേരിട്ട് മനസ്സിലാക്കാനെത്തിയ മന്ത്രിമാരായ വി.എൻ. വാസവനും കെ. രാധാകൃഷ്ണനും കടവുപുഴ പാലം എത്രയും വേഗം പുനർനിർമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികൾ മുന്നോട്ടുപോയില്ല.
തുടർന്ന് തന്റെ എം.എൽ.എ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ പാലത്തിന്റെ പുനർനിർമാണത്തിനായി മാണി സി. കാപ്പൻ നീക്കിവെച്ചെങ്കിലും പാലം പഞ്ചായത്തിന്റെ ആസ്തിയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി നിർമ്മാണം തടസ്സപ്പെട്ടു.
നിരവധി ആളുകൾ താമസിക്കുന്ന മേച്ചാൽ, തലനാട് പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും നടന്നു.
ആവശ്യത്തിന് സ്ഥലം ലഭിക്കാത്തതിനാൽ മുടങ്ങിപ്പോയ ചില്ലച്ചി പാലത്തിന്റെ ഫണ്ട് കടവുപുഴ പാലത്തിന്റെ നിർമാണത്തിനായി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പൻ നടത്തിയ നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. സമയബന്ധിതമായി സാങ്കേതികാനുമതിയും ഭരണാനുമതിയും നൽകണമെന്ന കോടതി നിർദേശത്തെത്തുടർന്നാണ് പാലം പുനർനിർമാണത്തിന് വഴിതെളിഞ്ഞത്.
പണി ആരംഭിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
യു.ഡി.എഫ് ചെയർമാൻ ഷൈൻ പാറയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പയസ് ചൊവ്വാറ്റുകുന്നേൽ, ഷെയ്സ് വാഴയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ചാർളി ഐസക്, ജോഷി ജോഷ്വ, പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ റാണി വിജയലക്ഷ്മി, കെ.ഡി.പി നേതാവ് എം.പി. കൃഷ്ണൻ നായർ, റ്റി.വി. ജോർജ്, ബോബി പൂതംകുന്നേൽ, ജയിംസ് മണ്ണൂർ, റ്റോമിച്ചൻ കുരിശുങ്കൽ, പറമ്പിൽ ജോയി കുളത്തുങ്കൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ്, ജോർജ് ഏലിയാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പൊതുമരാമത്ത്, ജലവിഭവം, വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചത്.
Melukavu Today | News desk
Comments
Post a Comment