
പാലാ: പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള പത്ത് പ്രധാന ദീർഘദൂര സർവീസുകൾ ഇന്ന് (ചൊവ്വാഴ്ച) മുതൽ മുടങ്ങുമെന്ന് വിവരം. സ്പെഷ്യൽ സർവീസുകൾക്കായി ബസുകൾ മാറ്റിയതോടെയാണ് സാധാരണ സർവീസുകൾക്ക് തടസ്സമുണ്ടാകുന്നത്. പകരം ക്രമീകരണങ്ങളില്ലാത്തത് യാത്രക്കാരെ പ്രതിസന്ധിയിലാക്കും.
മുൻ വർഷങ്ങളിൽ സ്പെഷ്യൽ സർവീസുകൾക്കായി കൂടുതൽ ബസുകൾ വിട്ടുനൽകിയിരുന്നെങ്കിലും പതിവ് ഷെഡ്യൂളുകൾ മുടങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ അത്തരം ക്രമീകരണങ്ങളില്ലാതെയാണ് സർവീസുകൾ മുടങ്ങുന്നത്.
പുലർച്ചെ 3 മണിക്ക് പുറപ്പെടുന്ന പാലാ–കണ്ണൂർ സൂപ്പർഫാസ്റ്റ് സർവീസും മുടങ്ങുമെന്നാണ് സൂചന. ചൊവ്വാഴ്ച മുതലുള്ള ഈ സർവീസിന് റിസർവേഷൻ ലഭ്യമല്ല. പ്രതിദിനം 50,000 രൂപയിലധികം വരുമാനം ലഭിക്കുന്നതും മുഴുവൻ സീറ്റുകളിലും മുൻകൂർ റിസർവേഷൻ ലഭിക്കുന്നതുമായ സർവീസാണിത്. മലബാർ ജില്ലകളിലേക്ക് ജോലിക്കായി യാത്ര ചെയ്യുന്ന നിരവധി പേരുടെ ആശ്രയമായ ഈ സർവീസ് നിർത്തുന്നത് സ്ഥിരം യാത്രക്കാരെ സാരമായി ബാധിക്കും. സർവീസ് മുടക്കരുതെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.
പാലാ ഡിപ്പോയിൽ ഈ സർവീസിന് പകരം ഓടിക്കാൻ കഴിയുന്ന ഡീലക്സ് ബസ് ഉണ്ടായിട്ടും ബദൽ സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് വിവരം. പുലർച്ചെ 3 മണിക്കുള്ള തിരുവനന്തപുരം സർവീസും മുടങ്ങിയിട്ടുണ്ട്.
രാവിലെ 8 മണി കോഴിക്കോട്, 3 മണി തിരുവനന്തപുരം, 5.40 കോഴിക്കോട്, 5.45 വൈറ്റില, 6 മണി കുമളി, 6 മണി തൃശൂർ, 6.10 കൊല്ലം, ഉച്ചകഴിഞ്ഞ് 2.10 വൈറ്റില, വൈകിട്ട് 4.30 പാലക്കാട് എന്നീ സമയങ്ങളിലുള്ള സർവീസുകളുൾപ്പെടെ പത്തോളം പ്രധാന സർവീസുകളാണ് മുടങ്ങുന്നത്.
പാലാ–ഒലിപ്പാറ സർവീസും മുടങ്ങിയേക്കും. തൃശൂർ, പാലക്കാട് സർവീസുകൾ റദ്ദാക്കുന്നതോടെ പാലാ–ഉഴവൂർ–കൂത്താട്ടുകുളം വഴിയുള്ള ഡിപ്പോയുടെ സർവീസുകളും കുറയും. ഈ റൂട്ടിലെ രാവിലെ 7 മണിയുടെ തൃശൂർ സർവീസ് നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. രാവിലെ 6 മണിയുടെ തൃശൂർ സർവീസും കൃത്യമായ സമയക്രമമില്ലാതെയാണ് കുറച്ചുകാലമായി നടത്തിവരുന്നത്.
സർവീസുകൾ മുടങ്ങുന്നതോടെ 25-ലധികം താൽക്കാലിക ജീവനക്കാർക്കും തൊഴിൽ നഷ്ടമാകും. മറ്റ് ഡിപ്പോകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ബസുകളും ജീവനക്കാരെയും ക്രമീകരിച്ച് പതിവ് സർവീസുകൾ നിലനിർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സ്പെഷ്യൽ പൂളിന്റെ പേരിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കി മുടങ്ങുന്ന സർവീസുകൾ പുനഃക്രമീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.
Comments
Post a Comment